Thondimuthalum driksakshiyum 2017 Malayalam Movie

"തൊണ്ടിമുതലും ദൃസാക്ഷിയും" (Drama/thriller Malayalam Movie 2017)

ഈ സിനിമയുടെ ആദ്യ ഭാഗം പ്രസാദും ശ്രീജയും തമ്മിലുള്ള പ്രേമം ആണ്. ശ്രീജയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച വ്യത്യസ്ത ജാതിയിൽ പെട്ട അവർ വിവാഹിതർ ആകുന്നു.  പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുവാൻ അവർ നാട് വിട്ട് പോകുന്നു.
ആലപ്പുഴക്കാർ ആയ അവർ നാട് വിട്ട് പോകുന്നത് കാസര്ഗോഡിലേക്ക് ആണ്. അവരുടെ പ്രേമത്തിന്റെ ഒട്ടു മിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ജങ്കാറിൽ അല്ലെങ്കിൽ ബോട്ടിൽ വെച്ചാണ്. എപ്പോഴും വെള്ളത്താൽ ചുറ്റപ്പെട്ട രംഗങ്ങൾ. കാസറഗോഡിൽ അവർ നേരിടുന്ന പ്രശ്നം വരൾച്ച ആയിരുന്നു. കൃഷിയിടത്ത് വെള്ളം ഇല്ലാത്തതിനാൽ അവരുടെ ജീവിതം ബുദ്ധിമുട്ടിൽ ആയിരിക്കുന്നു. ജലലഭ്യതക്ക് വേണ്ടി ബോർ വെൽ കുഴിക്കുവാൻ അവർ പണം കണ്ടെത്തുന്നതിന് ശ്രീജയുടെ താലി മാല പണയം വെക്കുവാൻ തീരുമാനിക്കുന്നു. ആലപ്പുഴയുടെ പ്രകൃതിയിൽ നിന്നും ഇപ്പോഴത്തെ ചൂടിന്റെ യാഥാർഥ്യത്തിലേക്ക് അവർ സമരസ പെട്ട് വരുകയാണ്.
താലി മാല പണയം വെക്കുവാൻ പോകുന്ന വഴി ബസ്സിൽ ഉറങ്ങുകയായിരുന്ന ശ്രീജയുടെ മാല പുറകിൽ ഇരുന്ന ഒരാൾ പൊട്ടിക്കുന്നു. കൈയ്യോടെ പിടികൂടിയപ്പോൾ ആ കള്ളൻ അത് വിഴുങ്ങുന്നു. ശ്രീജ ബഹളം വെച്ചതിന് തുടർന്ന് ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടുന്നു.
"തൊണ്ടിമുതലും ദൃസാക്ഷിയും" ഇവിടെ നിന്നാരംഭിക്കുന്നു. സ്റ്റേഷനിൽ വെച്ച് പലരേയും  ചോദ്യം ചെയ്യുന്നതിൽ നിന്ന് ആരും മാല പൊട്ടിക്കുന്നതായോ വിഴുങ്ങന്നത് ആയോ കണ്ടിട്ടില്ലെന്ന് പോലീസിനു മനസ്സിലാകുന്നു. ആയതിനാൽ ഇപ്പോൾ പ്രത്യക്ഷത്തിൽ തൊണ്ടിമുതലോ ദൃസാക്ഷിയോ ഈ കേസിൽ ഇല്ല. ചോദ്യം ചെയ്തിട്ട് കള്ളൻ ആണെങ്കിൽ മാല എടുത്തത് ആയി സമ്മതിക്കുന്നുമില്ല. ഇതിനിടക്ക് പേര് ചോദിച്ച A.S.I ചന്ദ്രനോട് കള്ളൻ അവന്റെ പേര് പ്രസാദ് ആണെന്ന് പറയുന്നു. ഒരുപാട് തവണ പോലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങിയ അവൻ മനപ്പൂർവ്വം തന്നെ ആണ് മാലയുടെ ഉടമയായ പ്രസാദിന്റെ പേര് തനിക്ക് സ്വയം നൽകിയത്. ഒരുപക്ഷെ അവനെ പറ്റി വേറെ ഇടങ്ങളിൽ അന്വേഷിച്ചാൽ അവൻ കള്ളൻ  ആണെന്ന് തെളിയും. അതോടെ അവന്റെ പേരിൽ കേസ് വരും. സ്വന്തമായി ഒരു ഐഡി കൈ വശം ഇല്ലാത്ത അവൻ മംഗലപ്പുരത്ത് ഉള്ള ഒരു ഹോട്ടലിൽ പൊറോട്ട അടിക്കുക ആയിരുന്നെന്ന് പറയുന്നു. കേസ് എടുക്കാതെ പോലീസ് അന്ന്  രാത്രി രണ്ടു പ്രസാദുമാരോടും സ്റ്റേഷനിൽ തങ്ങുവാൻ  പറയുന്നു. പിറ്റേന്ന് രാവിലെ മാല കള്ളൻ പ്രസാദിന്റെ വയറിൽ നിന്നും കിട്ടുമെന്ന  പ്രതീക്ഷയിൽ.
പിറ്റേന്ന് പക്ഷെ മാല ലഭിക്കുന്നില്ല. ചുരുക്കത്തിൽ തൊണ്ടിമുതലൊ  ദൃസാക്ഷിയോ ഇല്ല. പോലീസ് പ്രസാദിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി എക്സ് റെയ് എടുക്കുന്നു. മാല വയറിൽ ഉണ്ടെന്നു മനസ്സിലാകുന്നു. ഇപ്പോൾ തൊണ്ടിമുതൽ ലഭിച്ചിരിക്കുന്നു. ഇനി വേണ്ടത് ബലമായ ദൃസാക്ഷിയാണ്. എല്ലാവരേയും ചുറ്റിച്ച കള്ളനെ പൂട്ടുവാൻ തന്നെ പോലീസ് തീരുമാനിക്കുന്നു. കേസിന്റെ എഫ് ഐ ആർ അത്തരത്തിൽ എഴുതുന്നു. കള്ളൻ പ്രസാദ് മാല വിഴുങ്ങുന്നതായി ശ്രീജയും പ്രസാദും നേരിൽ കണ്ടെന്നു അവർ എഴുതുന്നു. ഇപ്പോൾ തൊണ്ടിമുതലും ദൃസാക്ഷിയും ആയി കേസിൽ.
പക്ഷെ പിറ്റേന്ന് കുന്നിൻ പുറത്ത് വെളിക്കിരുന്ന കള്ളൻ പ്രസാദ് ഓടി രക്ഷപെടുന്നു. പുറകെ ഓടിയ  പോലീസുകാരേയും പ്രസാദിനേയും അവൻ ഒരുപാട് ചുറ്റിക്കുന്നു. അവസാനം വെള്ളം നിറഞ്ഞ ഒരു കിടങ്ങിൽ വെച്ച് പ്രസാദ് കള്ളനെ പിടിക്കുന്നു. പ്രസാദിനെ  തലക്ക് അടിക്കുവാൻ കല്ലെടുത്ത കള്ളൻ പക്ഷെ ആ ശ്രമം ഉപേക്ഷിച്ചു കീഴടങ്ങുന്നു. തിരികെ സ്റ്റേഷൻ എത്തിയ പോലീസ് അറിയുന്നത് മാല അവന്റെ പക്കൽ ഇല്ലെന്ന് ആണ്. പോലീസുകാരുടെ മർദ്ദനം ഏറ്റ് വാങ്ങുന്ന കള്ളൻ പ്രസാദ് മാല ചന്ദ്രൻ പോലീസ് പറഞ്ഞിട്ട് ബസ് സ്റ്റോപ്പിൽ വെച്ചിട്ടുണ്ടെന്നു പറയുന്നു. ഒരുപാട് മൂന്നാമുറക്ക് ശേഷവും പൊലീസിന് കള്ളൻ പ്രസാദിനെ  കൊണ്ട് മാല എവിടെന്നു പറയിപ്പിക്കുവാൻ സാധിക്കുന്നില്ല. ഇപ്പോൾ ദൃസാക്ഷി ഉണ്ട് പക്ഷെ തൊണ്ടിമുതൽ ഇല്ല. കേസ് കോടതിയിൽ നില നിൽക്കില്ല. അതറിഞ്ഞു കൊണ്ട് തന്നെ ആണ് കള്ളൻ പ്രസാദ് ആ വേല ഇറക്കിയത്.
പക്ഷെ കള്ളൻ പ്രസാദിന്റെ പദ്ധതി പൊളിച്ചു കൊണ്ട് ചന്ദ്രൻ പോലീസ് തന്റെ മാല തൊണ്ടിമുതലായി അവതരിപ്പിക്കുവാൻ പദ്ധതി ഇടുന്നു. പ്രസാദും ശ്രീജയും അതിനു സമ്മതം മൂളുന്നു. ഇപ്പോൾ വീണ്ടും തൊണ്ടിമുതലും ദൃസാക്ഷിയും ആയി. കള്ളൻ അകത്ത് പോകും.
അത് പ്രതീക്ഷിക്കാതെ ഇരുന്ന കള്ളൻ പ്രസാദ് അവസാന അടവായി താൻ മാല വെച്ചിരിക്കുന്ന സ്ഥലം പ്രസാദിനോടും ശ്രീജയോടും പറഞ്ഞു കൊടുക്കുന്നു. അതിനു പകരമായി കോടതിയിൽ വെച്ച് തൊണ്ടിമുതലായി അവതരിപ്പിക്കുന്ന മാല തങ്ങളുടെ അല്ലെന്നു പറയണം എന്ന് അപേക്ഷിക്കുന്നു. അത് അവന്റെ അവസാനത്തെ അടവായിരുന്നു. കള്ളൻ പ്രസാദ് പറഞ്ഞ ഇടത്ത് നിന്ന് തന്നെ മാല ലഭിച്ച പ്രസാദും ശ്രീജയും കള്ളൻ പ്രസാദ് പറഞ്ഞ പോലെ കോടതിയിൽ മൊഴി മാറ്റി പറയുന്നു. കള്ളനെ കോടതി വെറുതെ വിടുന്നു. അവസാനം തൊണ്ടിമുതലും ദൃസാക്ഷിയും കോടതിയിൽ ഉണ്ടായിരുന്നിട്ടും ഇല്ലാതെ ആയി മാറുന്നു. വിരമിക്കുവാൻ ദിവസങ്ങൾ മാത്രം ഉണ്ടായിരുന്ന ചന്ദ്രൻ പോലീസ് വി ആർ എസ എടുത്ത് സ്ഥലം മാറി പോകുന്നു.
ഈ സിനിമ തൊണ്ടിമുതലും ദൃസാക്ഷിയും തമ്മിലുള്ള കളി  ആണ്. ആദ്യം കള്ളൻ മാല വിഴുങ്ങുന്നതിൽ ദൃസാക്ഷി പ്രേക്ഷകൻ  തന്നെ ആണ്. തൊണ്ടിമുതൽ കള്ളന്റെ വയറ്റിലും. പക്ഷെ പോലീസ് അവ രണ്ടിന്റേയും  നില നില്പിനെ ചോദ്യം ചെയ്യുന്നു. ദൃസാക്ഷി ഉണ്ടായിട്ടും തൊണ്ടിമുതൽ ഇല്ലാത്തതിനാൽ തെളിയിക്കാൻ പറ്റാത്ത നിസ്സഹായത .പിന്നീട് തൊണ്ടിമുതൽ ലഭിക്കുന്നതിനോട് ഒപ്പം കരുത്തുറ്റ ദൃസാക്ഷികളെ പോലീസ് നിര്മ്മിക്കുന്നു. അവസാനം ആകുമ്പോൾ ദൃസാക്ഷി ഉണ്ടെങ്കിലും തൊണ്ടിമുതൽ പോകുന്നു. ഇത്തവണ പോലീസ് തൊണ്ടിമുതൽ തന്നെ സൃഷ്ടിക്കുന്നു. അവസാനം കോടതിയിൽ തൊണ്ടിമുതൽ ഉണ്ടായിട്ടും ദൃസാക്ഷി കൂറ് മാറുന്നു. സത്യത്തിൽ എല്ലാ സംഭവങ്ങൾക്കും ദൃസാക്ഷി പ്രേക്ഷകന് ആയതിനാൽ അവൻ ആ കോടതി രംഗങ്ങളിലെ കൂറ് മാറ്റത്തിന് സാക്ഷി ആകുന്നില്ല.

അവസാനം വരെ പിടിച്ച് നിൽക്കുക എന്നത് തന്നെ  ആണ് കള്ളൻ പ്രസാദിന്റെ രീതി. അവൻ അത് മനോഹരമായി തന്നെ ചെയ്തു. ആ കിടങ്ങിൽ വെച്ച് പ്രസാദിനെ കല്ല് കൊണ്ട് അടിച്ച് അവൻ രക്ഷപെട്ടിരുന്നെങ്കിൽ അവൻ കുറഞ്ഞത് മൂന്ന് കേസിൽ എങ്കിലും പ്രതി ആയി സംസ്ഥാനം മുഴുവനുള്ള പോലീസും അവന്റെ പുറകെ കൂടിയേനെ. ഇനി അഥവാ ആ മാല പ്രസാദിന് കൊടുത്ത് മുങ്ങിയാലും പോലീസ് ആ കേസ് പിൻവലിക്കുകയില്ല കാരണം കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട പ്രതി ആണ്. വീണ്ടും അവനുള്ള വേട്ട തുടരും. പിന്നെ ആകെ ഉള്ള വഴി ആ മാല അപ്രത്യക്ഷം ആക്കുക എന്നുള്ളതാണ്. തൊണ്ടിമുതൽ ഇല്ലാതെ ആ കേസ് കോടതിയിൽ നില നിൽക്കുകയില്ല. പക്ഷെ ചന്ദ്രൻ പോലീസ് അവന്റെ പദ്ധതി പൊളിച്ചു.
പ്രസാദ് കള്ളൻ ആയത് വിശപ്പ് മൂലം ആണെന്ന് സൂചന നൽകുന്നുണ്ട്. പ്രസാദും ശ്രീജയും നാട് വിട്ട് അവിടെ വന്നത് ഒരുമിച്ച് ജീവിക്കുവാനും. അവരെല്ലാം ഉപേക്ഷിച്ചത് ആ താലി മാലയുടെ ബന്ധത്തിന് വേണ്ടി ആണ്. അതാണ് പ്രസാദ് വിഴുങ്ങിയതും. അവരുടെ ജീവിതം തന്നെ ആണ് പെട്ടെന്ന്  ഉലഞ്ഞത്. ഒരു നിമിഷത്തേക്ക് എങ്കിലും അത് അവരുടെ ബന്ധത്തിൽ കരിനിഴൽ വീഴ്ത്തിയിരുന്നു. വിശപ്പിനു വേണ്ടി ആണെങ്കിലും അന്യന്റെ മുതൽ വിഴുങ്ങിയാൽ അത് ദഹിക്കില്ലെന്ന് ആ സംഭവത്തോടെ പ്രസാദ് മനസ്സിലാക്കിയേക്കാം. 

Comments

Popular posts from this blog

Nocturnal Animals/നോക്റ്റർനൽ അനിമൽസ് (2016)

Triangle/ട്രയാങ്കിൾ (2009) British-Australian Movie